Saturday, May 4, 2024
keralaNews

കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്.

കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നം കസേരയാണ്. ലയനത്തിനുശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. എന്‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും.ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്‌ക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കില്‍ പി.ജെ.ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. പി.സി. തോമസാകും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍.

വര്‍ഷങ്ങളായി എന്‍ഡിഎയില്‍ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാല്‍ അവഗണന നേരിട്ടു മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി.തോമസ് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയാണെന്ന വാദവും തോമസ് ഉയര്‍ത്തുന്നു.