Sunday, May 5, 2024
keralaNews

വടശ്ശേരിക്കര ശബരിമല തിരുവാഭരണ പാതയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.

റാന്നി :ശബരിമല അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണം കടന്നുപോകുന്ന പാതയായ വടശ്ശേരിക്കരക്ക് സമീപം കല്ലാറിന് കുറുകെ നിര്‍മ്മിച്ച പേങ്ങാട്ട് കടവ് പാലത്തിന് അടിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.ശബരിമലയില്‍ നിന്നും തിരിച്ചു വരുന്ന തിരുവാഭരണം പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ ചാര്‍ത്തിയതിന് ശേഷം മൂന്ന് ദിവസത്തിന് കഴിഞ്ഞ് 21 ന് വെളുപ്പിന് തിരുവാഭരണം അടങ്ങിയ പേടകങ്ങള്‍ തിരികെ വരുന്ന പാലത്തിന്റെ അടിയില്‍ തൂണിനോട് ചേര്‍ന്നാണ് സ്‌പോടക വസ്തുക്കള്‍ കണ്ടെത്തിയത്.ഏഴ് പാക്കറ്റ് പശ, 6 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഇവ ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.തിരുവാഭരണങ്ങള്‍ കടന്നു പോകുന്നതിനായി 5 വര്‍ഷം മുമ്പ് കല്ലാറിന് കുറുകെ നിര്‍മ്മിച്ച പാലത്തിനടിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ആശങ്കയോടെയാണ് കാണുന്നതെന്നും തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വര്‍മ്മയും,ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു.നീരൊഴുക്ക് കുറഞ്ഞ ആറ്റില്‍ മീന്‍ പിടിക്കാനാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാവില്ലെന്നും പ്രസാദ് കുഴികാല പറഞ്ഞു.പത്തനംതിട്ട ജില്ല പോലീസ് മേധാവി,റാന്നി ഡി വൈ എസ് പി ,റാന്നി എസ് എച്ച് ഒ സുരേഷ് എം ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല പോലീസ് സംഘം സ്ഥലത്തെത്തി സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു.ബോബ് ഡിക്വാഡും പരിശോധന നടത്തി.എന്നാല്‍ പഴക്കം ചെന്ന സ്‌ഫോടക വസ്തുക്കളാണെന്നും,നിലവില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.ശബരിമല തിരുവാഭരണ ഘോഷയാത്ര തിരികെ വരുന്ന പാതയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. ഷൈന്‍ ജി കുറുപ്പ്, റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മനീഷ് പെരുനാട്, ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്ത, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മീന എം നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.