Tuesday, May 7, 2024
keralaNews

വടക്കഞ്ചേരി മേല്‍പാലം: സുരക്ഷയില്‍ ആശങ്ക

വടക്കഞ്ചേരി: ഗതാഗതത്തിനു തുറന്നുകൊടുത്ത വാളയാര്‍-മണ്ണുത്തി ദേശീയപാതയിലെ വടക്കഞ്ചേരി മേല്‍പാലം സുരക്ഷാഭീഷണിയില്‍. നിര്‍മാണ തകരാര്‍ മൂലം കഴിഞ്ഞദിവസം റോഡിന്റെ ടാറിങ് നീക്കംചെയ്തു വിള്ളല്‍ വന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പാലത്തിന്റെ അടിവശത്തു വിള്ളല്‍ രൂപപ്പെട്ടതും ആശങ്കയുണ്ടാക്കുന്നു.

മേല്‍പാലത്തിന്റെ ഉറപ്പും സുരക്ഷയും പരിശോധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സുരക്ഷാ പരിശോധനയില്ലാതെയാണു പാത തുറന്നുകൊടുത്തത്. വിദഗ്ധരെക്കൊണ്ടു പരിശോധന നടത്താന്‍ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മേല്‍പാതയുടെ ബലക്ഷയം സംബന്ധിച്ചു നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികള്‍ പറഞ്ഞു.ഉദ്ഘാടന ദിവസംതന്നെ മേല്‍പാലത്തില്‍ നടന്ന അപകടത്തില്‍ 2 യുവാക്കള്‍ മരിച്ചിരുന്നു. മംഗലംപാലത്തു നിന്നു സര്‍വീസ് റോഡില്ലാത്തതിനാല്‍ തെറ്റായ ദിശയില്‍ വന്ന യുവാക്കള്‍ മേല്‍പാലത്തിലേക്കു പ്രവേശിക്കുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. ഇവിടെ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയോ മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കുകയോ ചെയ്തിട്ടില്ല. മേല്‍പാലത്തിന് ഇരുഭാഗത്തും സംരക്ഷണ ഭിത്തി പൂര്‍ണമായും നിര്‍മിച്ചിട്ടില്ല. പലഭാഗത്തും കമ്പികള്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്. നടപ്പാതയുടെ പണിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഇവിടെ വഴിവിളക്കു സ്ഥാപിക്കാനുള്ള നടപടികളും ഇഴയുകയാണ്.തൃശൂര്‍ ഭാഗത്തു നിന്നു മേല്‍പാലത്തിലേക്കു പ്രവേശിക്കുന്ന ഡയാന ജംക്ഷന്‍ ഭാഗത്തും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. റോയല്‍ ജംക്ഷനിലെ അടിപ്പാതയുടെ ടാറിങ്ങും നടത്താനുണ്ട്. മഴ പെയ്താല്‍ വെള്ളം അടിപ്പാതയില്‍ കെട്ടിനില്‍ക്കുകയാണ്. കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ അടിപ്പാതയും നന്നാക്കിയിട്ടില്ല.