Sunday, April 28, 2024
keralaNewspolitics

ലോകായുക്ത: ഭരണഘടന സംവിധാനങ്ങളുടെ വിജയം; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവന്‍ അംഗീകാരം നല്‍കിയ നടപടി സര്‍ക്കാരിന്റെ നേട്ടത്തിനപ്പുറം, ഇത് ഭരണഘടന സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഗവര്‍ണര്‍ അന്ന് തന്നെ ഒപ്പ് വയ്‌ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരുന്നു. പിന്നെ ചോദ്യങ്ങള്‍ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോക്പാല്‍ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകളും. ഗവര്‍ണര്‍ക്കും വായിച്ച് വ്യക്തമായതാണ്. മാര്‍ച്ച് 22 ന് വീണ്ടും സുപ്രീം കോടതിയില്‍ കേസ് വരികയാണ്. പെറ്റീഷന്‍ ഭേദഗതി ചെയ്യാമെന്ന് കോടതി തന്നെ പറഞ്ഞു. ഇംഗ്ലീഷ് അക്ഷര മാല അറിയാവുന്ന ആര്‍ക്കും വായിച്ചു നോക്കിയാല്‍ തീരുമാനമെടുക്കാവുന്ന കാര്യമാണ്. എന്നിട്ടാണ് രാഷ്ട്രപതിയ്ക്ക് അയച്ചത്. ലോകത്ത് ഒരു ഏജന്‍സിയും അന്വേഷണവും ഉത്തരവും പുറപ്പെടുവിക്കുന്നില്ല. അങ്ങനെയെങ്കില്‍ എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്പാലിനെ നിയമിച്ചത്.

അതേ വ്യവസ്ഥ തന്നെയെല്ലാം കേരളത്തിലും ബാധകമല്ലേ. നിയമസഭ പാസാക്കിയാല്‍ ഗവര്‍ണര്‍ ഒപ്പിടണം. അത് ചെയ്യാതെ അതിന് മുകളില്‍ അടയിരുന്നു. നല്ല മെസേജാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മറ്റ് ബില്ലുകളുടെ കാര്യത്തില്‍ എന്തായിരിക്കും തീരുമാനിക്കുകയെന്നറിയില്ല. സര്‍വകലാശാല നിയമഭേദഗതി സംസ്ഥാന അധികാരമാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നത്തിലും ഗവര്‍ണര്‍ വൈകിപ്പിക്കുകയാണ്. യാത്രയുടെ തിരക്കില്‍ ഭരണ ഘടന വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയം ലഭിക്കാത്തത് കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

എസ്എഫ്‌ഐ പ്രതിക്കൂട്ടില്‍ എന്ന് മാത്രമാണ് മാധ്യമങ്ങള്‍ പറയുന്നത്. സംഘടന എടുക്കുന്ന തീരുമാന പ്രകാരമാണോ തെറ്റായ കാര്യങ്ങള്‍ നടത്തുന്നത്. അതില്‍പ്പെട്ടവരെ ന്യായീകരിക്കുന്നില്ല. ഏത് സംഘടനയില്‍പ്പെട്ടവര്‍ ആയാലും സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. ചിലര്‍ ക്യാമ്പസുകളില്‍ വന്ന് എസ്എഫ്‌ഐക്കൊപ്പം നിന്നാല്‍ കൊള്ളാമെന്ന് വിചാരിക്കും. ചില പുഴുകുത്തുകള്‍ ചെയ്യുന്ന കാര്യം സംഘടന തിരുമാനമാകുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.