Sunday, April 28, 2024
indiaNews

റിപ്പബ്ലിക് ദിന – ട്രാക്ടര്‍ റാലി സംഘര്‍ഷം : 9 കര്‍ഷക നേതാക്കള്‍ക്കെതിരേ കേസ്

റിപ്പബ്ലിക് ദിന – ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെ ഒമ്ബത് കര്‍ഷക നേതാക്കള്‍ക്കെതിരേ കേസ് .യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് ടികായത്ത് തുടങ്ങിയ കര്‍ഷക നേതാക്കളെയാണ് പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് . അതെ സമയം പൊതുമുതല്‍ നശിപ്പിച്ചു, കലാപം ,പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാരെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

പരിശോധനക്ക് ശേഷമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതെന്നും അക്രമത്തില്‍ ഇതുവരെ 22 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വീഡിയോകളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

കര്‍ഷക നേതാക്കള്‍ പൊലീസിന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റാലിക്കുള്ള അനുമതി നല്‍കിയിരുന്നത്.എന്നാല്‍ നേരത്തെ നിശ്ചയിച്ച വഴിയില്‍നിന്ന് വ്യതിചലിച്ച് റാലി നടത്തിയതിനാല്‍ അക്രമത്തില്‍ ഇവരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുധനാഴ്ച വൈകീട്ട് ഡല്‍ഹി പോലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അക്രമത്തില്‍ മുന്നൂറോളം പോലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി വാഹനങ്ങളും തകര്‍ന്നു . ഡല്‍ഹി ഐടിഒ, സീമാപുരി, മുകര്‍ബ ചൗക്, ഗാസിപുര്‍, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്.