Friday, March 29, 2024
Local NewsNewsUncategorized

കടുവയുടെ ആക്രമണത്തില്‍ നിന്നും “ആ ഫോണ്‍ വിളിയാണ് എന്നെ രക്ഷപ്പെടുത്തിയത് “

എരുമേലി: അളിയന്റെ ആ ഫോൺ വിളിയാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണമെന്ന് ശിവൻ പിള്ള. ഇന്ന് രാവിലെ കടുവയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട തുലാപ്പള്ളി സ്വദേശി ഓലിക്കര വീട്ടിൽ ശിവൻപിള്ള  പറഞ്ഞു .ഇന്ന് ( 25/ 05 / വ്യാഴം)  രാവിലെ 7.30 ഓടെയാണ് സംഭവം. എയ്ഞ്ചൽവാലിയിൽ പാട്ടത്തിനെടുത്ത റബ്ബർതോട്ടത്തിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെ അളിയൻ വിളിച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് സംസാരിച്ച് തിരിച്ചു വച്ച്  അടുത്ത് റബ്ബർ മരം ടാപ്പ് ചെയ്യാനായി തിരിയുന്നതിനിടെയിലാണ് തന്റെ അരയൊപ്പം പോക്കമുള്ള കാട്ടിൽ നിന്നും ഒരു ജീവി എഴുന്നേറ്റ് നിൽക്കുന്നത് കാണുന്നത്. ഒന്നുകൂടി ശ്രദ്ധിച്ച് നോക്കുന്നതിനിടയിൽ കടുവ തന്റെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ശിവൻപിള്ള  കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു. പിന്നെ കയ്യിലുണ്ടായിരുന്ന ടാപ്പിംഗ് കത്തി വീശി അലറിവിളിച്ചതോടെ പരിഭ്രാന്തിയിലായ കടുവ  പിന്നോട്ട് ഓടുകയും – താനും നിലവിളിച്ച് റോഡിലേക്ക് ഓടിയതു കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ശിവൻ പിള്ള പറഞ്ഞു. കടുവയെ കണ്ടതിന്റെ പേടിയിൽ വിറയൽ മാറിയില്ല. പ്രാണ രക്ഷാർദ്ധം നിലവിളിച്ച് ഓടിയതിന്റെ രംഗം ഓർക്കാൻ പോലും  കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ശിവൻ പിള്ളയുടെ നിലവിളി അക്കര മലയിൽ ടാപ്പിംഗ് ചെയ്യുന്നവർ വരെ കേട്ടുവെന്നും നാട്ടുകാരും പറഞ്ഞു. കഴിഞ്ഞ 41 വർഷത്തിലധികമായി മേഖലയിൽ പോസ്റ്റ്മാനായി ജോലി ചെയ്യുന്ന ശിവൻപിള്ള  കടുവയുടെ ആക്രമണത്തെ മുഖാമുഖം  കണ്ട  ഭയപ്പാട് ഇതുവരെ മാറിയില്ല. ആളുകളെ കൂടി കടുവ കിടന്ന സ്ഥലത്ത് പോയി പരിശോധിച്ചപ്പോൾ കടുവ കിടന്നതിന്റെ ലക്ഷണങ്ങൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആക്രമിക്കാനുള്ള എല്ലാ തയ്യാറെടുപ്പോടും കൂടിയാണ് കടുവ അവിടെ നിന്നതെന്നും കടുവയുടെ ആ നിൽപ്പ് കണ്ടാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും ,  വാർഡംഗം മാത്യു,  ജോസഫ്  പമ്പ  റേഞ്ച് ഓഫീസർ   അനിൽ കുമാറിന്റെ നേതൃത്വത്തിൽ സംഘമെത്തി മേഖലയിൽ പരിശോധന നടത്തി. കടുവയുടെ കാൽപ്പാദമൊന്നും കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇതേ ഭാഗത്താണ്  വളർത്ത് നായയെ വന്യ ജീവി ആക്രമിച്ച് കൊന്നത്.  കഴിഞ്ഞ ദിവസം കീരിത്തോട്ടിലും ആട്ടിനെ കൂട്ടിൽ കയറി വന്യ ജീവി ആക്രമിച്ച് കൊന്നിരുന്നു .