Friday, May 10, 2024
keralaNewsObituary

കൂടത്തായി കേസ്; ജോളി ജോസഫ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ശാരീരികാവശത ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് ഹര്‍ജി നല്‍കിയത്.ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് നേരത്തെ കേസില്‍ വിചാരണ മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹര്‍ജി നാളെ പരിഗണിച്ചേക്കും.14 വര്‍ഷത്തിനിടെ 6 കൊലപാതകങ്ങള്‍.

വീട്ടിലെ അധികാരം പിടിച്ചെടുക്കാന്‍ ആദ്യം ഭര്‍തൃമാതാവിനെ, സ്വത്തിനായി ഭര്‍തൃപിതാവിനെ, സ്വപ്നജീവിതത്തിന് തടസ്സമായപ്പോള്‍ ഭര്‍ത്താവിനെ. ഈ മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച അമ്മാവനെ, ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍ഐടി പ്രഫസറായി വേഷം കെട്ടിയെന്നും ബന്ധുക്കളെ കൊലപ്പെടുത്തിയെന്നും കേരളം വല്ലാത്ത അമ്പരപ്പോടെയാണു കേട്ടത്.

അപൂര്‍വമെന്നു വിലയിരുത്തപ്പെട്ട കൂടത്തായി കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത് . കോഴിക്കോട് ജില്ലയില്‍ കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകമാണെന്ന്   കേട്ടത് 2019 ഒക്ടോബര്‍ 4ന്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് കേസ്.

മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകന്‍ റോജോ തോമസ് നല്‍കിയ പരാതിയില്‍ അന്നത്തെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയതോടെ 2 ഇടവകകളിലെ 3 കല്ലറകളിലായി അടക്കിയ 6 മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ പൊലീസ് പുറത്തെടുത്ത് പരിശോധനയ്ക്കയച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവര്‍ക്ക് സയനൈഡ് എത്തിച്ചു നല്‍കിയെന്നതിന് ബന്ധു കക്കാട്ട് മഞ്ചാടിയില്‍ എം.എസ്.മാത്യു, സയനൈഡ് നല്‍കിയെന്നതിന് സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

റോയിയുടെ അമ്മയെ ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലക്കിക്കൊടുത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കിക്കൊടുത്തുമാണു കൊലപ്പെടുത്തിയതെന്നു ജോളിയുടെ കുറ്റസമ്മതമുണ്ടായി. ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വിചാരണത്തടവിലാണ് . മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം ലഭിച്ചു.
2023 മാര്‍ച്ച് 6 മുതല്‍ മാറാട് സ്‌പെഷല്‍ അഡീഷനല്‍ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. റോയ് തോമസിന്റെ കൊലക്കേസിലാണ് നിലവില്‍ വിചാരണ. ആകെ 270 സാക്ഷികള്‍. 235 രേഖകളും 23 വസ്തുക്കളും ഹാജരാക്കി. തുടര്‍ന്ന് സിലി വധക്കേസാവും പരിഗണിക്കുക. ഓരോ കേസിനും ഒരു വര്‍ഷം വീതമെടുത്താല്‍ 6 കേസുകളുടെ വിചാരണ തീരാന്‍ 6 വര്‍ഷം വേണ്ടിവരും.