Sunday, April 28, 2024
indiaNews

   രാമലല്ല ശില്‍പി  അരുണ്‍ യോഗിരാജ് നാട്ടിലെത്തി

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി സ്വീകരിച്ചു. മൈസൂരു സ്വദേശിയായ ശില്‍പ്പി രാത്രി 9.30 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളക്കിലെ ടെര്‍മിനല്‍ രണ്ടില്‍ ഇറങ്ങിയത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. അരുണിന്റെ ആരാധകരും ബിജെപി പ്രവര്‍ത്തകര്‍ക്കും പിന്നാലെ മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു. ഇവരെ തള്ളിമാറ്റിയാണ് അരുണിനെ പുറത്തെത്തിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനത്തിലും സന്തോഷമുഹൂര്‍ത്തമാണ് കഴിഞ്ഞത് . ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് രാമലല്ല വിഗ്രഹം തീര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം നിര്‍മ്മിച്ച രാംലല്ല വിഗ്രഹം അയോധ്യയില്‍ സ്ഥാപിച്ച് കഴിഞ്ഞു.

ശില്‍പം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും അരുണ്‍ യോഗിരാജ് സംസാരിച്ചു. വിഗ്രഹം നിര്‍മ്മിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് അരുണിനെ അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതര്‍ ഏല്‍പ്പിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി ഒരുപാട് വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവെന്നും കല്ല് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അരുണ്‍ യോഗിരാജ് പറഞ്ഞു. ഒടുവില്‍ ഒരു കര്‍ഷകന്റെ പാടത്ത് നിന്ന് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

രാംലല്ല വിഗ്രഹം രാമഭക്തര്‍ക്ക് ഇഷ്ടമായതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. കേദാര്‍നാഥിലെ ആദി ശങ്കരാചാര്യയുടെ വിഗ്രഹം ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്റെ വിഗ്രഹം എന്നിവ നിര്‍മ്മിച്ച അരുണ്‍ യോഗിരാജ് എംബിഎ ബിരുദധാരിയാണ്. കുറച്ച് നാള്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷം മുത്തച്ഛന്റെ കീഴില്‍ പാരമ്പര്യശില്‍പ നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു.