Thursday, May 9, 2024
keralaNewspolitics

പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജിന് മുന്നില്‍ മുട്ടുമടക്കി മുന്നണികള്‍.

ജിഷാമോള്‍ പി.എസ്.
[email protected]

  • പൂഞ്ഞാറില്‍ കഥ വേറെ ലെവലാണ്

  • ഇടതു വലതു മുന്നണികളുടെ അണികള്‍ തൃപ്തരല്ല.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച പിസി ജോര്‍ജ് എംഎല്‍എക്ക് മുന്നില്‍ മുട്ടുമടക്കി ഇത്തവണയും വിജയം ഒരുക്കി മുന്നണികള്‍. യുഡിഎഫില്‍ ചേക്കേറാം എന്ന മോഹവുമായി ഏറെ നടന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയെ പരസ്യമായി എതിര്‍ത്തു ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ച പിസി ജോര്‍ജിന് അനായാസ വിജയമാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. യുഡിഎഫിലും എല്‍ഡിഎഫിലും ഘടകകക്ഷിയായി ഇരുന്ന പിസി ജോര്‍ജ് ജനപക്ഷം പാര്‍ട്ടി രൂപീകരിച്ച് സ്വതന്ത്രനായി മാറുകയായിരുന്നു.എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലം ഘടക കക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കി എല്‍ഡിഎഫും,  പാലാ  സ്വദേശിയെ രംഗത്തിറക്കി യുഡിഎഫും,ബിഡിജെഎസിന് നല്‍കി എന്‍ഡിഎയും പി സി ജോര്‍ജ്ജിന് വിജയത്തിന്റെ വഴി ഒരുക്കിയിരിക്കുകയാണ്.

എന്നാല്‍ ചിലസ്ഥലങ്ങളില്‍ കുറയാന്‍ സാധ്യതയുള്ള വോട്ടുകള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും നേടാനുള്ള നീക്കമാണ് നടക്കുന്നത്. പി സി ജോര്‍ജിനെ നേരിട്ട് എതിര്‍ക്കാനോ -നേരിടാനോ തയ്യാറാവാതെ മുന്നണികളും തന്ത്രപരമായി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നാണക്കേട് മാറ്റാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച വമ്പിച്ച വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് കണക്കുകൂട്ടലിലാണ് പിസി ജോര്‍ജ് മത്സരത്തിന് തയ്യാറെടുക്കുന്നത്.മുന്നണികളില്‍ നിന്നും തനിക്ക് വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലും പിസി ജോര്‍ജിനുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ പോലും മുന്നണികളുടെ നേതൃത്വം പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്.മുന്നണികള്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ പല സമുന്നതരായ നേതാക്കളേയും വെട്ടിനിരത്തിയാണ് പി സി ജോര്‍ജ്ജിന് എതിരെ മത്സരത്തിന് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിരിക്കുന്നത് .പി സി ജോര്‍ജ് പരാജയപ്പെട്ടാല്‍ മുന്നണികള്‍ ഇതുവരെ നടത്തിയിട്ടുള്ള വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളും പുറത്തു കൊണ്ടുവരുമെന്ന ഭയമാണ് മുന്നണികളിലെ നേതാക്കന്‍മാര്‍ക്കുള്ളത്.എന്നാല്‍ പാര്‍ട്ടി അണികളുടെ കണ്ണില്‍
പൊടിയിട്ട് തങ്ങളുടെ മൗനാനുവാദത്തോടെ പി സി ജോര്‍ജിനെ ജയിപ്പിക്കുകയെന്നതാണ് നേതാക്കളുടെ ലക്ഷ്യമെന്നും ചിലര്‍ രഹസ്യമായി പറയുന്നു.പിസി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിനെ ബലാബലം തളയ്ക്കാന്‍ പ്രാപ്തിയുള്ള ഒരു നേതാവിനെയും മത്സരരംഗത്തിറക്കാന്‍ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല .എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞ പി സി ജോര്‍ജ് വിജയിക്കുന്നതിനായി എന്തു മാന്ത്രികവിദ്യയാണ് പ്രയോഗിക്കാന്‍ പോകുകയെന്നത് കാണാന്‍ പോകുന്നതേയുള്ളൂ. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും,യുഡിഎഫും സ്ഥിരമായി കണക്ക്കൂട്ടുന്ന ജാതി -മത രാഷ്ട്രീയചിന്തകള്‍ക്ക് അപ്പുറം വോട്ടുകള്‍ നേടാനുള്ള അണിയറ നീക്കങ്ങളാണ് പിസി ജോര്‍ജ് നടത്തുന്നത്. ചില സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയുള്ള വിവാദമാകാവുന്ന അഴിമതികഥകളാണ് പിസി ജോര്‍ജിന്റെ ആവനാഴിയില്‍ സമയം കാത്തുകിടക്കുന്നത്.