Sunday, April 28, 2024
keralaNews

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ് .ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ സജീഷിന്റേതാണെന്ന് വ്യക്തമായിരുന്നു.മുഹമ്മദ് ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫിസിലെത്തിച്ചാണ് ചോദ്യംചെയ്യുക. ഷെഫീഖില്‍ നിന്നു പിടിച്ചെടുത്ത ഫോണില്‍ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.                                                                                    ഇന്നലെയാണ് അര്‍ജുന്‍ ആയങ്കി അറസ്റ്റിലായത്. അര്‍ജുന്‍ ആയങ്കിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് സജേഷിനെ ഡി.വൈ.എഫ് .ഐ പുറത്താക്കിയിരുന്നു. ഷെഫീഖ് മൊഴി നല്‍കിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കും. ജലീല്‍, സലിം, മുഹമ്മദ്, അര്‍ജുന്‍ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയില്‍ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അര്‍ജുന്‍ ഇന്നലെ നല്‍കിയ മൊഴികളിലും ചില നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് ഇന്ന് അര്‍ജുനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും.