Monday, May 6, 2024
keralaNews

രാത്രി വഴക്കുണ്ടായി, വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു; കിരണിന്റെ നിര്‍ണായക മൊഴി

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി.പക്ഷേ മരിക്കുന്നതിന്റെ തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു.നേരം പുലരട്ടെയെന്ന് താന്‍ പറഞ്ഞു. തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിനുശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്നാണ് കിരണിന്റെ മൊഴി.വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി പ്രശ്നമുണ്ടായിരുന്നുവെന്നും, ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായതായും കിരണ്‍ പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം ചുമത്തും.

ഇന്ന് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടും. ഇതിനുശേഷമായിരിക്കും കിരണിനെതിരെ മറ്റ് വകുപ്പുകള്‍ ചുമത്തുക. മകളെ ഭര്‍ത്താവിന്റെ അമ്മയും ഉപദ്രവിച്ചിട്ടുണ്ടെന്ന് വിസ്മയയുടെ അമ്മ ആരോപിച്ചു. അതേസമയം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ കിരണിന്റെ മാതാപിതാക്കളെ കൂടി ചിലപ്പോള്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് വനിതാ കമ്മിഷന്‍ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തില്‍ വനിതാ കമ്മിഷന്റെ മേല്‍നോട്ടം ഉണ്ടായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.