Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കിയേക്കും.

ആരാധനാലയങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രണ്ടാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ തീരുമാനിക്കുമെന്നാണ് സൂചന. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ശേഷം മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിലയിരുത്തിയ ശേഷമാകും തീരുമാനമെടുക്കുക. സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ പത്തില്‍ താഴെയായത് ആശ്വാസം പകരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുന്നത്. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു പുറമെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളിലെ മദ്യ വിതരണം തുടങ്ങിയ ഇളവുകള്‍ക്കും സാധ്യതയുണ്ട്. കൂടുതല്‍ സമയം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ജിംനേഷ്യങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി എന്നിവയും പരിഗണിക്കാന്‍ സാധ്യതയുണ്ട്. വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരാനാണ് സാധ്യതയെങ്കിലും സ്വകാര്യ ബസുകളുടെ നിലവിലെ നിയന്ത്രണങ്ങള്‍ മാറ്റിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.