Monday, May 6, 2024
indiakeralaNews

രാജ്യവ്യാപകമായി എല്‍ഐസി ജീവനക്കാര്‍ സമരംനടത്തുന്നു.

സ്വകാര്യവല്‍ക്കരണത്തിനെതിരെ രാജ്യവ്യാപകമായി എല്‍ഐസി ജീവനക്കാര്‍ സമരംനടത്തുന്നു. രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരുദിവസത്തെ സമരം എല്‍ഐസി ജീവനക്കാര്‍ പ്രഖ്യാപിച്ചത്.എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലും ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തുന്നതിലും പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സമരംനടത്തുന്നതെന്ന് സംഘടനാ നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. 2021 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്.1956ല്‍ സ്ഥാപിച്ച എല്‍ഐസിയില്‍ 1,14,000ത്തോളം ജീവനക്കാരാണുള്ളത്. 29 കോടി പോളിസി ഉടമകളും എല്‍ഐസിക്കുണ്ട്.