Monday, May 6, 2024
indiaNewspolitics

രാജ്യത്തിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞ് കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: 38 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജനയില്‍ തുടങ്ങി കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞ് കേന്ദ്ര ധനമന്ത്രി സീതാരാമന്‍. 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് പദ്ധതി സഹായകമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2024-ലെ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ടാണ് നിര്‍മ്മലാ സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്.അത്യാധുനിക സൗകര്യങ്ങളിലൂടെ കര്‍ഷകരില്‍ നിന്നും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനും ഉത്പന്ന കൈമാറ്റം സുഗമമാക്കുന്നതിനും പദ്ധതി ഗുണം ചെയ്തു. കാര്‍ഷിക മേഖലയുടെ മൂല്യവര്‍ദ്ധനവിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പിഎം കിസാന്‍ സമ്പദാ യോജനയിലൂടെ 38 ലക്ഷം കര്‍ഷകര്‍ ഗുണഭോക്താക്കളാവുകയും കാര്‍ഷിക മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനും ഉത്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികള്‍ ഇനിയും നടപ്പിലാക്കും. പിഎം – കിസാന്‍ സമ്മാന്‍ യോജനയ്ക്ക് കീഴില്‍ ചെറുകിട കര്‍ഷകരുള്‍പ്പെടെ 11.8 കോടി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം നേരിട്ട് സാമ്പത്തിക സഹായം നല്‍കും. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം നാല് കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കും. 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ വിതരണം ചെയ്യും. വിളവെടുപ്പിന് ശേഷം നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കായികരംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളും മന്ത്രി പറഞ്ഞു. യുവാക്കള്‍ കായികമേഖലയില്‍ മുന്നേറുന്നതില്‍ രാജ്യം അഭിമാനം കൊള്ളുന്നു. രാജ്യത്തെ കായികതാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് മികച്ച പിന്തുണയാണ്. കായികമേഖലയ്ക്ക് രാജ്യം നല്‍കുന്ന പിന്തുണ എത്രത്തോളമുണ്ടെന്ന് സമീപകാലത്തെ പ്രകടനം വിലയിരുത്തിയാല്‍ മനസിലാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.2023 ലെ ഹാങ്ചോ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും എക്കാലത്തേയും ഉയര്‍ന്ന മെഡല്‍ വേട്ടയാണ് രാജ്യം നടത്തിയത്. കായിക മേഖലയിലെ മുന്നേറ്റത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. ചെസില്‍ റാങ്കിംഗില്‍ പ്രജ്ഞാനന്ദ ഒന്നാമതെത്തി. ചെസ് ലോകകപ്പില്‍ മാഗ്നസ് കാള്‍സണെതിരെ ശക്തമായ പോരാട്ടമാണ് പ്രജ്ഞാനന്ദ കാഴ്ച വച്ചത്. രാജ്യത്ത് 2010-ല്‍ 20-ലധികം ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ എണ്ണം 80-ലധികമായി ഉയര്‍ന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇത് ആറാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അധികാരത്തിലേറുന്ന പുതിയ സര്‍ക്കാര്‍ ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.