Friday, May 10, 2024
keralaNews

രണ്‍ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്ക് വധശിക്ഷ

ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. ബി ജെ പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറഞ്ഞത്. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികള്‍ എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി.