Friday, May 10, 2024
keralaNews

രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച നിലപാടില്‍ മാറ്റമില്ല. അനാവശ്യമായി പ്രതിസന്ധി സൃഷ്ടിച്ചവര്‍ തന്നെ ഇതിന് പരിഹാരം കാണണം. പൊതുജനങ്ങള്‍ക്കെതിരെ ഇങ്ങനെ ഒരു യുദ്ധ പ്രഖ്യാപനം പാടില്ല. സാമ്പത്തിക പ്രതിസന്ധി കൂട്ടുന്ന നിലപാടും പൊതുജനങ്ങളെ വലക്കുന്ന നിലപാടും ഇനി സ്വീകരിക്കാന്‍ പാടില്ല.സര്‍ക്കാരിന്റെ വാക്കിനെ അംഗീകരിക്കാതെ ഏകപക്ഷീയമായി പണിമുടക്ക് നടത്തി ജനങ്ങളെ വലച്ചത് യൂണിയനുകളാണ്. സര്‍ക്കാര്‍ വാക്കില്‍ വിശ്വാസം ഇല്ലാതെ പണിമുടക്കിയ ആളുകള്‍ ഇപ്പൊ എന്തിനാണ് സര്‍ക്കാരിനെ ആശ്രയിക്കുന്നത്. ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനല്ല. സിഐടിയു നേതാക്കളുടെ അഭ്യര്‍ത്ഥന പോലും മറ്റ് സിഐടിയു തൊഴിലാളികള്‍ ചെവിക്കൊണ്ടില്ല. പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.പണിമുടക്ക് ദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തില്‍ ഈ മാസം അഞ്ചിന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.