Tuesday, April 30, 2024
keralaNews

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. കുട്ടികള്‍ കാട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പോലീസിന് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. അയല്‍വാസികളും ബന്ധുക്കളുമാണ് ഈ കുട്ടികള്‍.വൈകുന്നേരമായിട്ടും കുട്ടികളെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ രണ്ട് പേര്‍ ബന്ധുക്കളും ഒരാള്‍ അയല്‍വാസിയുമാണ്. ബന്ധുവിന്റെ വീട്ടില്‍ നിന്ന് കുടുക്ക പൊട്ടിച്ച് 4000 രൂപ ഇവര്‍ എടുത്തിരുന്നു. ഇവരിലൊരാള്‍ നേരത്തേയും സമാനമായ രീതിയില്‍ വീട്ടില്‍ നിന്ന് പോയിട്ടുണ്ട്. പിന്നീട് ഈ കുട്ടി തിരിച്ചെത്തിയിരുന്നു.