Wednesday, May 1, 2024
EntertainmentkeralaNewsObituary

പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത്.

ക്ലാസ്സിക് മലയാളം സിനിമകളുടെ നിര്‍മ്മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആയിരുന്നു.ആദ്യമായി ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച ചിത്രം നേരം ഒത്തിരി കാര്യമാണ്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികള്‍ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താംമുദയം തുടങ്ങിയ 30ല്‍ പരം ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു. 2015 നാഷനല്‍ ഗെയിംസ് ചീഫ് ഓര്‍ഗനൈസര്‍ ആയിരുന്നു.                                                                                                             63 വയസില്‍ ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനം ആയി വളര്‍ത്തി.ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലന്‍ നാഷനല്‍ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികള്‍ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകന്‍ ആയിരുന്നു.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍ അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്ത് വലിയൊരു ബ്രാന്‍ഡായി ആയി വളര്‍ത്തി. ഒരു കാലത്ത് മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതല്‍ സിനിമ ചെയ്ത നിര്‍മാതാവായിരുന്നു.

സ്ഫടികം, കിലുക്കം എന്നിവയുടെ നിര്‍മാണ ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ ആയിരുന്നു. അനശ്വര സംവിധായകന്‍ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്.ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലന്‍ . പ്ലാന്റേഷന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് , അതില്‍ വിജയിച്ച അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉള്‍പ്പടെ നിരവധി സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ച ബാലന്‍ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.

ഭാര്യ – അനിത ബാലന്‍.മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്),അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ – മെഡ്‌റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം(ഡയറക്ടര്‍ – ആലിബൈ സൈബര്‍ ഫോറെന്‍സിക്‌സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്‌സ്‌പോര്‍ട്‌സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).