Wednesday, May 15, 2024
keralaNewspolitics

ആറംഗ കുടുംബം വോട്ട് ചെയ്യാനെത്തി : വീട്ടിലെ മരിച്ചയാള്‍ക്ക് മാത്രം വോട്ട്

ഒരു കുടുംബത്തിലെ ആറ് പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും ബോധപൂര്‍വ്വം നീക്കിയതായി പരാതി. എന്നാല്‍ കുടുംബത്തിലെ മരിച്ചയാളുടെ പേര് പട്ടികയിലുണ്ട്. കോട്ടയം വിജയപുരം പഞ്ചായത്തിലാണ് സംഭവം. ആറാം വാര്‍ഡിലെ താമസക്കാരനായിരുന്ന വടവാതൂര്‍ മേപ്പുറത്ത് എം.കെ. റെജിമോന്റെ ഉള്‍പ്പെടെ കുടുബത്തിലെ ആറ് പേരുടെ പേരാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. എന്നാല്‍ റെജിമോന്റെ മരിച്ചു പോയ അച്ഛന്‍ എം.കെ. കേശവന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്.

ഇന്ന് രാവിലെയോടെ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് റെജിമോന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ നാളുകള്‍ക്ക് മുന്‍പ് ഇവര്‍ താമസം മാറിയതിനാലാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ആറാം വാര്‍ഡില്‍ നിന്നും പതിമൂന്നാം വാര്‍ഡിലേയ്ക്കാണ് ഇവര്‍ വീട് മാറിയത്.

എന്നാല്‍ പതിമൂന്നാം വാര്‍ഡിലേയ്ക്ക് വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് റെജിമോന്‍ പറയുന്നു. അപേക്ഷ നല്‍കുകയാണെങ്കില്‍ മരിച്ചുപോയ ആളുടെ പേര് മാത്രം എങ്ങിനെ വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കുമെന്ന് ചോദിച്ച റെജിമോന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നതായി അറിയിച്ചു.