Friday, May 3, 2024
keralaNewspoliticsworld

രക്ഷാപ്രവര്‍ത്തനം; വിദേശകാര്യമന്ത്രാലയത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി നിര്‍വഹിച്ചവിദേശകാര്യമന്ത്രാലയത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തി.                   യുക്രെയ്നില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. യുക്രെയ്നില്‍ കുടുങ്ങിയ മലയാളികളില്‍ നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിച്ച വിദേശകാര്യമന്ത്രാലയത്തോട് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
യുക്രെയ്ന്റെ കിഴക്കന്‍ പ്രദേശങ്ങളായ കിയെവ്, ഖാര്‍കിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.      രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവര്‍ക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. പോളണ്ടില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ യുക്രൈനിലെ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണവും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാന്‍ യുക്രൈന്‍ ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിര്‍ത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യമന്ത്രി ഉറപ്പ് നല്‍കി. റഷ്യ വഴിയുള്ള രക്ഷാദൗത്യം സാദ്ധ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് മന്ത്രി അറിയിച്ചു.