Friday, May 17, 2024
keralaNews

യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു: നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങി.

മലമ്പുഴ ചെറാട്  കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങി. ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം. മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണു കുടുങ്ങിയത്.ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളാണ് ബാബു മലയിടുക്കില്‍ കഴിയുന്നത്. നിലവില്‍ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഉള്ളത്. കോഴിക്കോട്ടു നിന്നും പര്‍വ്വതാരോഹക സംഘം ഉടന്‍ മലമ്പുഴയില്‍ എത്തും. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് നാവികസേനയുടെ സഹായം തേടിയിരുന്നു.ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്തായില്ല. രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാല്‍ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാന്‍ പന്തം കത്തിച്ചുവച്ചു. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്.കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു തന്നെ താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനും മുന്‍പും മല കയറുന്നതിനിടെ കാല്‍ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.