Friday, May 17, 2024
keralaNews

പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്.

കൊച്ചി: മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 അ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോര്‍ജിന്റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ ചുമത്തിയത്. മുന്‍ ജനപ്രതിനിധിയായ ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്.