Monday, May 13, 2024
educationindiaNews

ഹിജാബ് നിരോധനം: ഭരണഘടന അനുസരിച്ച് നിലപാടെടുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: സ്‌കൂളുകളിലും-കോളേജുകളിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കേസില്‍ ഭരണഘടന അനുസരിച്ച് നിലപാടെടുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. ആരുടേയും വികാരങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കില്ല. ന്യായങ്ങളും നിയമങ്ങളും അനുസരിച്ച് കേസില്‍ നിലപാടെടുക്കും. ഭരണഘടന പറയുന്നതെന്തോ അത് ചെയ്യുമെന്നും ഭരണഘടന് തങ്ങള്‍ക്ക് ഭഗവത്ഗീതയാണെന്നും ജസ്റ്റിസ് കൃഷ്ണ ദീക്ഷിത പറഞ്ഞു.

ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ കഴിഞ്ഞ മാസം ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പതിവിന് വിപരീതമായി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. കോളേജിന്റെ നടപടിയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും, അത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും അതുക്കൊണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ കോളേജുകളും സ്‌കൂളുകളും വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, അതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ ഒഴിവാക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. യൂണിഫോം തിരഞ്ഞെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് അഡ്വ. ജനറലും കോടതിയെ അറിയിച്ചു. അതില്‍ ഇളവ് വേണമെന്നുള്ളവര്‍ക്ക് കോളേജ് ഡവലപ്മെന്റ് കമ്മിറ്റിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം പെണ്‍കുട്ടികളുടെ നാല് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് ഭരണഘനയുടെ 25-ാം അനുച്ഛേദത്തില്‍ പറയുന്ന മതസ്വാതന്ത്ര്യത്തിലുള്ള അവകാശത്തിനെതിരാണെന്നാണ് പെണ്‍കുട്ടികള്‍ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാലയങ്ങളിലെ സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിന് പിന്നാലെ ഹിജാബ് വിവാദം കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ വ്യാപിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ഹിജാബ് ധരിച്ചെത്തുകയായിരുന്നു. ഇതോടെ സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പ്രതികരിച്ചു. ഹൈക്കോടതി വിധി വരുന്നത് വരെ എല്ലാവരും സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. വിഷയത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.