Monday, May 13, 2024
indiaNews

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു.

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. കാണാതായ 170 പേരെയാണ് ഇനി കണ്ടെത്താനുളളത്. എന്‍ടിപിസിയില്‍ ജോലി ചെയ്തിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് കാണാതായിരിക്കുന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം സജീവമായി തുടരുകയാണ്. അപകടത്തില്‍പ്പെട്ട 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി ചമേലി പോലീസ് അറിയിച്ചു.തപോവന്‍ വൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ ടണലില്‍ 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രാത്രി മുഴുവന്‍ ഇവിടെ രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയുണ്ടായി. ചളിയും പാറകളും കുറഞ്ഞ താപനിലയും രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ടണലില്‍ കുടുങ്ങിയ 12 പേരെ ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്.
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തപോവന്‍ ഡാമിന് സമീപത്തുളള ടണലില്‍ അടിഞ്ഞ പാറക്കഷണങ്ങളും ചളിയും നീക്കം ചെയ്തു. നദിയിലെ ജലനിരപ്പ് താഴുന്നത് വരെ ടണലിലെ രക്ഷാ പ്രവര്‍ത്തനത്തിനായി എസ്ഡിആര്‍എഫ് സംഘത്തിന് കാത്തിരിക്കേണ്ടതായി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തങ്ങളുടെ ടീം രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥലത്ത് എത്തിയത് എന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് പ്രവീണ്‍ കുമാര്‍ തിവാരി പറഞ്ഞു.