Monday, May 6, 2024
keralaNews

യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍

തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍, കേസില്‍ കന്യാകുമാരി സ്വദേശി അറസ്റ്റില്‍. ഭാര്യയെ ഉപദ്രവിച്ചതിന്റെ പകയായിരുന്നു കൊലയ്ക്കു കാരണം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഫെബ്രുവരി പതിനാറിന് രാത്രി തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് മരണകാരണം വാരിയെല്ലൊടിഞ്ഞതും രക്തക്കുഴല്‍ പൊട്ടിയതുമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നെ, ആരാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. നഗരത്തിലെ നൂറിലേറെ സിസിടിവി കാമറകള്‍ പരിശോധിച്ചു. സംശയം തോന്നിയ ആളെ പിടികൂടി ചോദ്യംചെയ്തു. ആദ്യം സമ്മതിച്ചില്ല. പിന്നീട്, വിശദമായി ചോദ്യംചെയ്യല്‍ തുടര്‍ന്നത് വഴിത്തിരിവായി. കന്യാകുമാരി സ്വദേശി രാജും സുഹൃത്ത് പാലക്കാട് സ്വദേശി ബാബുവുമായിരുന്നു യുവാവിനെ ചവിട്ടിക്കൊന്നത്. ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങുകയായിരുന്ന രാജിന്റേയും ഭാര്യയുടേയും അടുത്തെത്തി യുവാവ് ശല്യപ്പെടുത്തി. ഭാര്യയെ ഉപദ്രവിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിനിടയിലാണ് ചവിട്ടിക്കൂട്ടിയത്.വാരിയെല്ലുകള്‍ ആറെണ്ണം പൊട്ടി. ഇതിനു പുറമെ, രക്തക്കുഴലും പൊട്ടിയിരുന്നു. മരിച്ചെന്ന് ഉറപ്പാകും വരെ ഇരുവരും ചവിട്ടിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടുകാരന്‍ രാജിനെ നഗരത്തില്‍ നിന്നാണ് ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍: പി.ലാല്‍കുമാറും സംഘവും പിടികൂടിയത്. കൂട്ടുപ്രതി, പാലക്കാട് സ്വദേശി ബാബുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണ്.