Monday, May 13, 2024
keralaNews

ജീവനെടുത്ത് കാട്ടാന; അജീഷിന് വിട

വയനാട്: കാട്ടാന ആക്രമണത്തില്‍ മരിച്ച മാനനന്തവാടി പടമല സ്വദേശി അജീഷിന് നാടിന്റെ വിട. മാനനന്തവാടി എടമല സെന്റ് അല്‍ഫോന്‍സ ദേവലായത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സ്വവസതിയില്‍ നിന്ന് കിലോമീറ്ററുകളോളം വിലാപയാത്രയായാണ് അജീഷിന്റെ മൃതദേഹം പള്ളിയിലെത്തിച്ചത്.

ഇന്നലെ രാവിലെയാണ് അജീഷിനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അജീഷിന്റെ മരണം സംഭവിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ .രൂപത പ്രൊക്യുറേറ്റർ ഫാദർ ജോസ് കൊച്ചറക്കൽ വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

തുടർന്ന് വിലാപയാത്രയായി പള്ളിയിലേക്ക് . പടമല സെൻറ് അൽഫോൻസാ പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷ ചടങ്ങുകൾക്ക് മാനന്തവാടി രൂപത ബിഷപ്പുമാർ ജോസ് പോരുന്നേടം നേതൃത്വം നൽകി. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സന്ദേശം ചടങ്ങിൽ ബിഷപ്പ് വായിച്ചു.

മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകിലെന്ന് പറഞ്ഞ ബിഷപ്പ് വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ  പ്രശ്നത്തിന്റെ ഗൗരവം നിയമസഭയിലും ലോക്സഭയിലും എത്തിക്കണം എന്നും ആവശ്യപ്പെട്ടു.

അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത  പത്തുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ധനസഹായം നൽകുക.