Tuesday, May 21, 2024
indiaNews

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണവും സ്വര്‍ണ്ണവും നഷ്ടമായി യുവതി ആത്മഹത്യ ചെയ്തു.

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണവും സ്വര്‍ണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം.ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂണ്‍ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വര്‍ഷം മുമ്പ് ഭാഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഭവാനി.ഇവര്‍ നിരന്തരം ഓണ്‍ലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണമുപയോഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണമെല്ലാം ഇവര്‍ക്ക് നഷ്ടമായി. കളിയില്‍ 10 ലക്ഷത്തോളം രൂപ ഭവാനിക്ക് നഷ്ടമായെന്നാണ് സൂചന.

മരിക്കുന്നതിന് നാല് ദിവസം മുന്നെ തനിക്ക് നേരിട്ട് നഷ്ടം ഭവാനി തന്റെ സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഭവാനിയെ ഇവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭവാനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭവാനി ശക്തയായ സ്ത്രീ ആയിരുന്നെന്നും ഭരതനാട്യം നര്‍ത്തകിയായിരുന്നെന്നും അവളുടെ സുഹൃത്തുക്കളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി പറഞ്ഞിരുന്നു. മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ 2020 ല്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിര്‍ത്തലാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തത്.