Wednesday, May 15, 2024
indiaNewsObituary

ഒഡിഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി

ദില്ലി: ഒഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.   രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയില്‍വേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തികള്‍ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അപകടത്തില്‍ 275 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്താനാണ് തീരുമാനം. ഒഡിഷയില്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങളറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാമെന്ന് റെയില്‍വേ അറിയിച്ചു. പരിക്കേറ്റവരുടെയോ, മരിച്ചവരുടെയോ ബന്ധുക്കള്‍ക്ക് ഈ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ തേടാം. ഒഡിഷയിലെത്താനുള്ള ചെലവുകള്‍ റെയില്‍വേ വഹിക്കുമെന്നും റെയില്‍വേ ബോര്‍ഡംഗം ജയ വര്‍മ്മ സിന്‍ഹ അറിയിച്ചു. അതേസമയം, ട്രെയിന്‍ അപകടം നടന്ന ഒഡിഷയിലെ ബഹനഗ റെയില്‍വേ സ്റ്റേഷനിലെ ഒരു കിലോ മീറ്റര്‍ പാളം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാളം തെറ്റിയ ട്രെയിനുകള്‍ ഇരു വശത്തേക്കും മാറ്റി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.വ്യാഴ്ച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കുകയാണ് ലക്ഷ്യം.