Monday, April 29, 2024
keralaNews

യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.

തൃശൂര്‍: ചേര്‍പ്പില്‍ മുത്തുള്ളിയാലില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മദ്യപിച്ച് ബഹളംവച്ച യുവാവിനെ സഹോദരന്‍ തന്നെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ്. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ കെ ജെ സാബുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 19ന് അര്‍ദ്ധരാത്രിയിലാണ് കൊലപാതകം നടന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ടു ദിവസം മുമ്പ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു.