Thursday, May 2, 2024
keralaNews

മദ്യലഹരിയില്‍ യുവതിയോടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്.

കണ്ണൂര്‍: മദ്യലഹരിയില്‍ യുവതിയോടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. മാഹി പന്തക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.വടക്കുമ്പാട് കൂളിബസാറിലെ റസീന (29) എന്ന യുവതിയാണ് മദ്യ ലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികള്‍ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറില്‍ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു.

പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. ഇതോടെ നാട്ടുകാര്‍ പന്തക്കല്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെ എസ്.ഐ. പി.പി. ജയരാജന്‍, എ.എസ്.ഐ.എ.വി.മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കല്‍ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പേരില്‍ പന്തക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.