Thursday, May 16, 2024
keralaNews

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം

കോട്ടയം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം.അതിര് കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കോട്ടയം കുഴിയാലിപ്പടിയിലും മലപ്പുറം തവനൂരിലും പ്രതിഷേധക്കാര്‍ തടഞ്ഞു.പ്രതിഷേധത്തെ തുടര്‍ന്ന് തവനൂരില്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമാണ് കല്ലിടാന്‍ കഴിഞ്ഞത്.കോട്ടയം കുഴിയാലിപ്പടിയില്‍ പ്രതിഷേധം കാരണം കല്ലിടല്‍ നടന്നില്ല. അതിനിടെ കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധ പട്കറുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരസമിതി മാര്‍ച്ച് നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഇന്ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ല കളക്റ്ററേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കോഴിക്കോട് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടി സിദ്ധീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിലും പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണം എന്നാവശ്യപ്പെട്ട് വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പാലക്കാട് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.