Monday, April 29, 2024
keralaNews

 യുവാവിനെ കുത്തിക്കൊന്നു; യുവതികളടക്കം കസ്റ്റഡിയില്‍

കരമനയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. 2 യുവതികള്‍ അടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടില്‍ വീട്ടില്‍ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് . പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാര്‍ട്‌മെന്റില്‍ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്‍പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ ഇവിടെയെത്തിയ അപ്പാര്‍ട്‌മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ശരീരത്തില്‍ എഴുപതോളം മുറിവുകള്‍ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഒരു മാസം മുന്‍പാണ് ഇവര്‍ അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കരമന പൊലീസ് അറിയിച്ചു.