Tuesday, May 7, 2024
keralaNews

യതീഷ് ചന്ദ്ര കേരളം വിടുന്നു; മടങ്ങുന്നത് പ്രശംസകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍

യുവ ഐ പി എസ് ഓഫീസര്‍ യതീഷ് ചന്ദ്ര കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുളള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം?ഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നിലവില്‍ കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂര്‍ എസ് പി ആയിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയായി നിയമിതനായത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ യതീഷ് ചന്ദ്ര ഇതിനിടെ പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് യതീഷ് ചന്ദ്രയുടെ പേരില്‍ ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി.