Friday, May 17, 2024
keralaNews

എന്‍പതോളം ഉരുള്‍പൊട്ടലാണ് ആളപായമില്ലാത്തതിനാല്‍ പുറംലോകം അറിയാതെ പോയത്

കൊക്കയാറിലും കൂട്ടിക്കലിലും ഉരുള്‍ ജീവനെടുത്തെങ്കില്‍ ജീവച്ഛവമായി മാറിയ ജീവിതങ്ങള്‍ അവശേഷിക്കുകയാണ് കൊക്കയാറിന് അടുത്തുളള്ള പ്രദേശങ്ങളില്‍. ചെറുതും വലുതുമായ എന്‍പത് ഉരുള്‍പൊട്ടലാണ് വടക്കേമലയിലും, വെംബ്ലിയിലും, കനകപുരത്തും, ഒക്കെ ഉണ്ടായത്. ആളപായമില്ലാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകത്തറിയാനും രക്ഷാപ്രവര്‍ത്തകരെത്താനും വൈകി.മണിക്കൂറുകള്‍ പെയ്ത മഴ തോര്‍ന്നത് സര്‍വതും നശിപ്പിച്ചാണ്. പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളൊഴികെ എല്ലാം പേമാരിയില്‍ മുങ്ങി. മൂന്നൂറ്റി നാല്‍പത് വീടുകള്‍ പൂര്‍ണമായും അഞ്ഞൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ്റോരം കോളനിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇനി താമസിക്കാന്‍ പോലും സാധ്യമല്ല. ഉരുള്‍പൊട്ടിയത് പകലായതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്. രാത്രിയായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനെ. മണ്ണിടിഞ്ഞുവീണുള്ള തടസങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനും കാലതാമസമുണ്ടാക്കി.