Monday, May 6, 2024
keralaNewspolitics

മോന്‍സന്‍ മാവുങ്കലിന്റെ സ്വത്തുക്കളില്ല; നഷ്ടപരിഹാരം ലഭിക്കാന്‍ പരാതിക്കാര്‍ പാടുപെടും

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ സ്വത്തുക്കളില്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പരാതിക്കാര്‍ പാടുപെടുമെന്ന് സൂചന.                                   മോന്‍സന്റെ കൈവശം വസ്തുക്കളോ, ഭൂമിയോ ഇല്ല. ചേര്‍ത്തലയിലെ കുടുംബ സ്വത്ത് മാത്രമാണ് ഇയാള്‍ക്ക് സ്വന്തമായി ഉള്ളത്, എന്നാല്‍ പരാതിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അതില്‍ നിന്നും ലഭിക്കുന്ന       തുക  പര്യാപ്തമല്ല. എന്നാല്‍ മോന്‍സന്റെയും ബിനാമികളുടെയും പേരില്‍ സ്വത്തുക്കള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി രജിസ്ട്രേഷന്‍ വകുപ്പിനും, പാസ്പോര്‍ട് ഓഫീസിനും, ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ച് കത്ത് നല്‍കി. കൈവശം വെച്ചിരുന്ന പണമെല്ലാം ചെലവാക്കിയെന്നാണ് പ്രതി അവകാശപ്പെടുന്നത്.                                                                                                    വ്യാജ പാസ്പോര്‍ട്ടില്‍ മോന്‍സന്‍ വിദേശത്ത് പോയിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും 1.72 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. മോന്‍സന്റെ റിമാന്‍ഡ് കാലാാവധി ഈ മാസം 20 വരെ കോടതി നീട്ടുകയും ചെയ്തു. മോന്‍സന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിയുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സംസ്‌കാര ചാനലിന്റെ ചെയര്‍മാനാകാന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന് മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനായി ഹരിപ്രസാദ് എന്നയാളാണ് മോന്‍സനെ സമീപിച്ചത്. നടനും സംവിധായകനുമായ രാജസേനനും ഇതേ ആവശ്യത്തിനായി സമീപിച്ചിട്ടുണ്ടെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു.