Monday, May 6, 2024
HealthkeralaLocal NewsNews

മേരീക്വീന്‍സില്‍ മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം സമുച്ചയങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വ്വഹിക്കും

കാഞ്ഞിരപ്പള്ളി : മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ അറുപത്തിയഞ്ചാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചു അതിനൂതന സംവിധാനങ്ങളോട് കൂടിയ മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സമുച്ചയവും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. അഞ്ച് ലാമിനാര്‍ ഫ്‌ലോ ഓപ്പറേഷന്‍ തീയേറ്ററുകള്‍, മൈനര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, സര്‍ജിക്കല്‍ ഐ.സി.യു, ന്യൂറോ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു, എന്‍ഡോസ്‌കോപ്പിക് സ്യൂട്ട്, പ്ലാസ്മ സ്റ്റെറിലൈസേഷന്‍ സംവിധാനത്തോടുകൂടിയ സി.എസ്.എസ്.ഡി വിഭാഗം തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

വിദേശത്ത് നിന്നടക്കമുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി ശാസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ സാധിക്കുന്നു. ശാസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗികള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത ഒഴിവാകുകയും, ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനും സാധിക്കും. പൂര്‍ണ്ണമായും അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഓപ്പറേഷന്‍ തീയറ്ററുകളില്‍ സങ്കീര്‍ണ ന്യൂറോ സര്‍ജറികളും, അവയവമാറ്റ ശസ്ത്രക്രിയകളും സുരക്ഷിതമായി നടത്താനാകുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ അറിയിച്ചു.

ഇതോട് കൂടി കോട്ടയം, ഇടുക്കി, പത്തനംതിട്ട  ജില്ലകളിലെ 6 താലൂക്കുകളിലുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ സമീപത്തു തന്നെ ലോകോത്തര നിലവാരമുള്ള ചികിത്സ സംവിധാനങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാകും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നടത്തുന്ന ചടങ്ങില്‍, ഓപ്പറേഷന്‍ തിയ്യേറ്റര്‍, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം സമുച്ചയങ്ങളുടെ ആശീര്‍വാദം കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിക്കും. ഗവ. ചീഫ് വിപ്പ്, ഡോ.എന്‍.ജയരാജ്, പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സി.എം.ഐ സഭ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.