Wednesday, May 8, 2024
keralaNews

മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പ്പില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പ്പില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. കടയില്‍ ഭക്ഷണം തീര്‍ന്നു പോയി എന്നറിയിച്ചതാണ് പ്രകോപന കാരണമെന്ന് തട്ടുകട ഉടമസ്ഥയായ സൗമ്യ പറഞ്ഞു. ഫിലിപ്പ് മാര്‍ട്ടിനും സുഹ്യത്തുമാണ് ഭക്ഷണം വാങ്ങാന്‍ കടയില്‍ എത്തിയത്.ഭക്ഷണം ചോദിച്ച് കടയില്‍ നിന്നും തര്‍ക്കമുണ്ടായി. ബീഫ് കറിയാണ് ആവശ്യപ്പെട്ടത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അസഭ്യ വര്‍ഷം നടത്തി. പാഴ്സല്‍ വാങ്ങാന്‍ എത്തിയവരുമായും തര്‍ക്കമുണ്ടായി. പ്രശ്നമുണ്ടാക്കിയവരെ മുന്‍ പരിചയമില്ല. ഇവര്‍ മദ്യപിച്ചിരുന്നു. കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇവരെ തടയാനാണ് ശ്രമിച്ചത്. പിന്നീട് മടങ്ങിപ്പോയവര്‍ തോക്കുമായി കാറില്‍ തിരികെയെത്തി. വെടിയേറ്റവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല. നിരവധി തവണ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും’ സൗമ്യ പറഞ്ഞു.

കൊലപാതകം നടത്തിയതിന് അറസ്റ്റിലായ പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്. തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നുതന്നെ വെടിയുതിര്‍ത്തതും. ഇയാളുടെ കൈവശം ഉണ്ടായിരുന്നത് വ്യാജ തോക്ക് ആണെന്നും കൊല്ലന്‍ നിര്‍മ്മിച്ചു നല്‍കിയതാണെന്നും പോലീസ് വ്യക്തമാക്കി.