Saturday, May 4, 2024
keralaLocal NewsNews

മൂക്കന്‍പെട്ടി പത്തേക്കറില്‍ കാട്ടാനക്കൂട്ടം ഭീഷണിയാവുന്നു;വൃദ്ധദമ്പതികള്‍ പ്രാണരക്ഷാര്‍ത്ഥം നെട്ടോട്ടമോടുന്നു .

ആശങ്കയോടെ പ്രദേശവാസികള്‍ .

വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സോളാര്‍ വേലികള്‍ കാടുകയറി .

ശബരിമല വനാതിര്‍ത്തി പ്രദേശമായ എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂക്കന്‍പെട്ടി പത്തേക്കര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം ഭീഷണി ആകുന്നതായി പരാതി.വനം വകുപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കാടുകയറിയ സോളാര്‍ വേലികള്‍ തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.മേഖലയില്‍ സ്ഥിരമായ ഇറങ്ങുന്ന കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തെ ഭയന്ന് വൃദ്ധദമ്പതികള്‍ പ്രാണരക്ഷാര്‍ത്ഥം നെട്ടോട്ടമോടുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു . മൂക്കന്‍പ്പെട്ടി പത്തേക്കര്‍ സ്വദേശിയും വൃദ്ധദമ്പതികളുമായ 72 വയസ്സുള്ള ചാക്കോയും ഭാര്യയുമാണ് കാട്ടാനക്കൂട്ടത്തെ ഭയന്ന് ദിനംപ്രതി ഓടി രക്ഷപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ശബരിമല വനാതിര്‍ത്തി മേഖലയായ പത്തേക്കര്‍ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിയും നശിപ്പിക്കുന്നത്.കൃഷിയിടങ്ങളിലെ പ്ലാവിലെ ചക്ക തിന്നാനായി ഇറങ്ങിവരുന്ന കാട്ടാനകള്‍ തേങ്ങ്,കപ്പ,കവുങ്ങ്,റബ്ബര്‍ അടക്കം വരുന്ന കൃഷികളാണ് നശിപ്പിക്കുതെന്നും നാട്ടുകാര്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ചിട്ടുള്ള കയ്യാലകളും കാട്ടാനകള്‍ നശിപ്പിക്കുന്നു.കൊമ്പനും -പിടിയാനയും ഒരു കുട്ടിയാനയുമടങ്ങുന്ന
കൂട്ടമാണ് രാത്രിയും -വെളുപ്പിനെയുമായി ഇറങ്ങുന്നത്.ചാക്കോയുടെ വീടിന്റെ രണ്ട് മീറ്റര്‍ വരെ അകലെ കാട്ടാന എത്തിയാണ് കൃഷി നശിപ്പിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രമായ ഇവിടെ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകള്‍ മേഖലയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത് .പാലക്കുഴി സുര എന്ന കൃഷിക്കാരന്‍ കാട്ടാനകളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചും ബഹളം വെച്ചുമാണ് ഇതുവരെ തങ്ങളെ രക്ഷപ്പെടുത്തിയെതെന്നും നാട്ടുകാര്‍ പറഞ്ഞു.വകുപ്പ് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും കാട്ടാനകളെ ഓടിക്കാന്‍ ഫണ്ടില്ലാന്നാണ് അവര്‍ പറയുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
കാടുകയറിയ സോളാര്‍ വേലികള്‍ സംരക്ഷിക്കാന്‍ പോലും വനംവകുപ്പ് തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ സാഹചര്യത്തില്‍ കാട്ടാനകളെ ഭയന്ന് അയല്‍വാസികളുടെ വീടുകളില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.ശബരിമല വനാതിര്‍ത്തിയില്‍ നിന്ന് ഇറങ്ങുന്ന കാട്ടാനകള്‍ കാളകെട്ടി പത്തേക്കര്‍ കണക്കാലിപടി – പുളിഞ്ചോട് വഴിയാണ് പോകുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.മേഖലയിലെ കാട്ടാനയുടെ ശല്യം തടയുന്നതിനായി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.ഇതിനിടെ മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ നല്‍കാനുള്ള പരാതിയില്‍ ഒപ്പിടാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.ഞങ്ങളുടെ ജീവനും -സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേഖലയിലെ നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.