Sunday, May 5, 2024
keralaNews

മുതലപ്പൊഴി അപകടത്തില്‍പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി.

മുതലപ്പൊഴി അപകടത്തില്‍ പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. പുലിമുട്ടുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൃതദേഹം ആരുടേതാണെന്നതില്‍ വ്യക്തതയില്ല. ഇനി രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.മുതലപ്പൊഴിയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഫാദര്‍ യൂജിന്‍ പേരയ്‌ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുതലപ്പൊഴിയിലെ പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി മാറിയത് എന്നും അദ്ദേഹം പ്രതികരിച്ചു.

തീരദേശവാസികള്‍ വൈകാരികമായി തന്നെയാണ് പ്രതികരിക്കുന്നത് എന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ പേരില്‍ മന്ത്രിമാര്‍ പ്രകോപനം സൃഷ്ടിക്കരുത്. തീരപ്രദേശത്തുള്ള ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവമാണ് സര്‍ക്കാരിന്. ഫാ. യൂജിന്‍ പെരേരയ്‌ക്കെരായ കേസ് പിന്‍വലിക്കണം. തീരപ്രദേശത്തുള്ളവരുടെ വൈകാരിക പ്രകടനം ആദ്യമല്ല. സാന്ത്വനത്തിന്റെ വാക്കുകള്‍ക്ക് പകരം പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുകയാണ് മന്ത്രിമാര്‍ ചെയ്തത്. തീരദേശത്ത് എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. ജനപ്രതിനിധികള്‍ ആരു പോയാലും പ്രതിഷേധം നേരിടേണ്ടി വരും. താന്‍ പോയാല്‍ തനിക്കെതിരെയും പ്രതിഷേധം ഉണ്ടാകും. അത് തീരദേശത്തിന്റെ സ്വഭാവമാണ്. അത് മനസ്സിലാക്കാനുള്ള കഴിവ് തിരുവനന്തപുരത്തെ മന്ത്രിമാര്‍ക്ക് ഇല്ലാതായിപ്പോയി എന്നും അദ്ദേഹം പറഞ്ഞു.