Saturday, May 11, 2024
keralaNews

നിയമനം റദ്ദാക്കിയിട്ടില്ല :എച്ച്ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്ന തുടരും: പ്രൊജക്റ്റ് ഡയറക്ടര്‍

തൊടുപുഴ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഡയറക്ടറായി നിയമിച്ച നടപടിയില്‍ സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയില്‍ (എച്ച്ആര്‍ഡിഎസ്) ഭിന്നത. സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും എച്ച്ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്ന തുടരുമെന്നും പ്രൊജക്റ്റ് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ വ്യക്തമാക്കി.സ്വപ്നയ്ക്കു ജോലി നല്‍കിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോര്‍ഡിനോ ഇതില്‍ പങ്കില്ലെന്നും എച്ച്ആര്‍ഡിഎസ് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ പ്രസ്താവനെയെ പ്രൊജക്റ്റ് ഡയറക്ടര്‍ തള്ളി. കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാള്‍ക്ക് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാന്‍ കഴിയില്ലെന്നും ബിജു പറഞ്ഞു. കൃഷ്ണകുമാറിന്റേത് വൃദ്ധമനസ്സിന്റെ ജല്‍പനമാണെന്നും ബിജു പറഞ്ഞു.

മലയാളികളടക്കമുള്ള ആര്‍എസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നല്‍കിയത് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. താനുള്‍പ്പെടെയുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി ‘ഡമ്മി’ ബോര്‍ഡിന്റെ വിവരങ്ങള്‍ അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.