Monday, May 6, 2024
keralaNews

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

കാക്കനാട്ടും കളമശേരിയിലും ആലുവയിലും മുഖ്യമന്ത്രിക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു കരിങ്കൊടി കാട്ടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാടി വീണതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം ഇടിച്ച പ്രവര്‍ത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു. രാവിലെ ഇവിടെ കരിങ്കൊടിയുമായി വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തിരുന്നു. പൊലീസിനു പിടികൊടുക്കാതെ മാറിനിന്ന പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു പ്രതിഷേധിച്ചത്.

കളമശേരിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ആലുവ കമ്പനിപ്പടിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കുനേരെ വഴിയില്‍നിന്നു കരിങ്കൊടി വീശി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. പൊലീസിന്റെ കണ്ണുവെട്ടിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കു ചാടിവീണ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.