Monday, April 29, 2024
keralaNews

മാസ്‌ക് ധരിക്കാത്തതിന് 21,534 പേര്‍ക്കെതിരെ കേസ്; പിഴയായി 76 ലക്ഷം രൂപ മുഖ്യമന്ത്രി

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. പിഴയായി 76,18,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

pass.bsafe.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ സര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.