Thursday, May 2, 2024
keralaNewsObituary

മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി രഖിലിനെ തോക്ക് വില്‍ക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ മനേഷ് കുമാര്‍ വര്‍മയെയാണ് അറസ്റ്റിലായത്. ബിഹാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

രഖിലിന് തോക്ക് വിറ്റ സോനുകുമാര്‍ മോദിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു പട്‌നയില്‍ നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. അതേസമയം ഇവരിലേക്ക് രഖില്‍ എത്തിയതെങ്ങനെ എന്ന വിവരവും പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.

കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രാഖില്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടില്‍ രഖില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.