Wednesday, May 8, 2024
keralaLocal NewsNews

മഴ ശക്തമാകുന്നു; ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരദേശ മേഖലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാത്രി 11.30 വരെ കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാല്‍ തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്നതിന് വിലക്കില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു. തെക്കു കിഴക്കന്‍ ബംഗ്ലാദേശിനു മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കാലവര്‍ഷം പടിഞ്ഞാറന്‍ തീരത്ത് സജീവമായി തുടരും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലൊഴികെ കാറ്റിന്റെ ഗതിയില്‍ വ്യതിയാനമുണ്ട്.