Wednesday, May 8, 2024
keralaNews

മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടു;മകളുടെ വിവാഹം പ്രതിസന്ധിയില്‍

jishamol p.s./ [email protected]

എരുമേലി:കഴിഞ്ഞ 16ന് ഉണ്ടായ മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട പിതാവ് തന്റെ മകളുടെ വിവാഹം എങ്ങനെ നടത്തുമെന്നറിയാതെ നട്ടം തിരിയുകയാണ്.കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ കുറുവാമൂഴിയില്‍ തേനകരയില്‍ വിജയനും കുടുംബവുമാണ് നാശ നഷ്ടത്തിന് പിന്നാലെ വീണ്ടും സങ്കടത്തിലായിരിക്കുന്നത്.ഈ മാസം മകളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ 16ന് രാവിലെ 11 മണിയോടെ സ്വപ്നങ്ങള്‍ തകിടം മറിച്ച് മകള്‍ക്കായി കരുതി വച്ചതെല്ലാം
ഒഴുക്കില്‍പ്പെടുകയായിരുന്നു.അലമാരിയില്‍ സൂക്ഷിച്ചു വന്ന 10 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും,ഒരു ലക്ഷം രൂപയുമാണ് ഒഴുക്കില്‍പ്പെട്ട് പോയത്. കറുവാമൂഴിയില്‍ മണിമലയാറിന്റെ പുറംമ്പോക്കില്‍ കഴിഞ്ഞ 40 വര്‍ഷത്തിലധികമായി താമസിക്കുന്ന കുടുംബം ഇതുവരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല.ടാപ്പിംഗ് തൊഴിലാളിയായിരുന്ന വിജയനും ഭാര്യയും രോഗബാധിതരായി ജോലി പോകാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുമ്പോഴാണ് മകള്‍ക്കായി സമ്പാദിച്ചതും,വീടുമെല്ലാം നഷ്ടമായിരിക്കുന്നത്.എന്നാല്‍ മഴക്കെടുതിയുടെ സാഹചര്യം വരന്റെ ബന്ധുക്കള്‍ മനസിലാക്കിയിട്ടുണ്ടെന്നും വിവാഹം നടത്തി തന്നാല്‍ മതിയെന്നും പറഞ്ഞിരിക്കുകയാണ്.എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പോലും കഴിയാതെ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.മഴക്കെടുതിയെ തുടര്‍ന്ന് വിഴിക്കിത്തോട് ആര്‍ ജി എച്ച് എസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണിവര്‍.സ്‌കൂള്‍ തുറക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കുടുംബങ്ങളെല്ലാം ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോള്‍ എല്ലാവര്‍ക്കും.അതിന് മുമ്പ് തന്നെ വിവാഹം നടത്തണമെന്ന ആഗ്രഹമാണുള്ളതെന്നും വാര്‍ഡംഗമായ സിന്ധു സോമന്‍ പറഞ്ഞു.