Monday, May 6, 2024
keralaNewsObituary

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയാണ് നഷ്ടമായത്; മുഖ്യമന്ത്രി

മലയാളത്തിന്റെ ബഹുമുഖ പ്രതിഭയായ കലാകാരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി. നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിക്കുകയായിരുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു.വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു.അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു.തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന്

അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്ന് തീര്‍ച്ച.അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.