Friday, April 26, 2024
AstrologykeralaNews

ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.20-നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8-ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും.    രാത്രി 9.15-ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ ഉത്സവത്തിന് സമാപനം കുറിക്കും. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും, പ്രാദേശിക സമിതികളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്ന്യസിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാരും, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടാകും.സേവാഭാരതി 73 സേവന കേന്ദ്രങ്ങളാണ് നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍, ആംബുലന്‍സ് സേവനങ്ങളും ഭക്ഷണവും സേവനകേന്ദ്രം വഴി ലഭ്യമാക്കുന്നുണ്ട്. 3000 ല്‍ അധികം വരുന്ന വോളന്റിയേഴ്സിനെയാണ് കേന്ദ്രങ്ങളില്‍ സേവാഭാരതി നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സേവനകേന്ദ്രങ്ങളില്‍ വൈദ്യസഹായം നല്‍കും.                                                                                                                           അത്യാധുനിക സൗകര്യങ്ങളുള്ള 35 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി 400 പ്രത്യേക സര്‍വീസുകളാണ് പൊങ്കാല പ്രമാണിച്ച് നടത്തുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും തിരികെ ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും സര്‍വ്വീസുകളുണ്ടായിരിക്കും. ഇന്ത്യന്‍ റെയില്‍വേയും പൊങ്കാല ദിനത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചു. പൊങ്കാലയ്ക്ക് ശേഷം ശുചീകരണത്തിന് 3000 പേരെ കോര്‍പറേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.