Friday, May 17, 2024
EntertainmentkeralaNews

നെടുമുടിയെ കൊടുമുടിയിലെത്തിച്ച സര്‍വകലാവല്ലഭന്‍

നടന്‍ നെടുമുടി വേണു അഭിനയവും,ആട്ടവും,പാട്ടും എഴുത്തും എല്ലാം വഴങ്ങുന്ന സര്‍വകലാവല്ലഭന്‍. മലയാള സിനിമാചരിത്രത്തില്‍ പകരംവയ്കാനില്ലാത്ത അഭിനയപ്രതിഭ.സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അവയില്‍ നെടുമുടി വേണുവിന്റെ വേഷങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടില്ല. മനുഷ്യജീവിതത്തിലെ സകല ഭാവങ്ങളും വിവിധ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അവയില്‍ ഒന്നുപോലും അദ്ദേഹത്തിന് വെല്ലുവിളി ആയിരുന്നില്ല. ലോക സിനിമാ രംഗത്ത് മലയാളികള്‍ക്ക് എക്കാലത്തും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാം ഈ മഹാനടനെ.1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു വേണുവിന്റെ ജനനം. പിതാവ് പി.കെ കേശവപിള്ളയും മാതാവ് പി.കുഞ്ഞിക്കുട്ടിയമ്മയും സ്‌കൂള്‍ അധ്യാപകര്‍ ആയിരുന്നു. ഇവരുടെ അഞ്ച് ആണ്‍മക്കളില്‍ ഇളയവനാണ് കെ. വേണുഗോപാല്‍ എന്ന വേണു. നെടുമുടി എന്‍എസ്എസ് സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ആലപ്പുഴ എസ്.ഡി കോളജില്‍നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദം നേടി. വിദ്യഭ്യാസകാലത്തുതന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സ്‌കൂള്‍ യുവജനോത്സവത്തില്‍ ഘടം,സമൂഹഗാനം തുടങ്ങിയവയ്‌ക്കൊക്കെ സമ്മാനം നേടിയിട്ടുണ്ട്. എസ്.ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ സഹപാഠിയായിരുന്നു ഇന്നത്ത പ്രമുഖ സംവിധായകന്‍ ഫാസില്‍. ആത്മസുഹൃത്തുക്കളായി മാറിയ ഇരുവരും കൈകോര്‍ത്തുപിടിച്ചാണ് കലാലോകത്തെ ഉയര്‍ന്ന പടവുകള്‍ ചവിട്ടിക്കയറിയത്.കാവാലം നാരായണപണിക്കരുടെ ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില്‍ വേണുവിന് മേല്‍വിലാസമായി. അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരെല്ലാം കാവാലത്തിന്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദര്‍ശകര്‍ ആയിരുന്നു. പ്രമുഖ സിനിമാപ്രവര്‍ത്തകരുടെ ആ സൗഹൃദകൂട്ടായ്മയില്‍ വേണുവിനും അംഗത്വം ലഭിച്ചു. അരവിന്ദന്റെ തമ്പ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മാരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍ തുടങ്ങിയ ചിത്രങ്ങള്‍. മികച്ച സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിലൂടെ രംഗത്തുവന്ന വേണു പിന്നീട് ഒരടിപോലും പിന്നോട്ടു പോയില്ല.