Monday, May 6, 2024
keralaNews

മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍: കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഇന്നലെയാണ് കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. കമ്പി വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവ കണ്ടെത്തിയത്. 10 വയസുള്ള ആണ്‍കടുവയാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്.

മുന്‍ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷ പ്രവര്‍ത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു.

കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാല്‍ കാട്ടില്‍ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ ഇന്നലെ അറിയിച്ചത്.