Monday, April 29, 2024
keralaNews

മന്ത്രി ശിവന്‍കുട്ടി രാജി വയ്‌ക്കേണ്ടെതില്ല ;സിപിഎം നേതൃത്വം

കോടതി വിധി എതിരായെങ്കിലും മന്ത്രി ശിവന്‍കുട്ടിയുടെ രാജി വേണ്ട എന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. മന്ത്രിയടക്കമുള്ളവര്‍ വിചാരണ നേരിടട്ടെ. എന്നാല്‍ മന്ത്രി വിചാരണനേരിടാന്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നതും സഭയ്ക്കകത്തും പുറത്തും രാജിക്കായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നതും സര്‍ക്കാരിനും പാര്‍ട്ടിക്കും മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കും.കോടതി വിധി എതിരായാലും മന്ത്രി വി.ശിവന്‍കുട്ടി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്ന ധാരണയിലേക്ക് സിപിഎം നേരത്തെ തന്നെ എത്തിയിരുന്നു. കേസ് നിലനില്‍ക്കുമ്പോഴാണ് ശിവന്‍കുട്ടിയെ സിപിഎം മന്ത്രിയാക്കിയതും. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടി മന്ത്രിയായി തുടര്‍ന്നു. ശിവന്‍കുട്ടിക്കെതിരെ വ്യക്തിപരമായ വിമര്‍ശനം സുപ്രീംകോടതി വിധിയിലില്ലെന്നതും നേതാക്കള്‍ ആശ്വാസമായി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് എകെജി സെന്ററില്‍ അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുന്ന സമയത്താണ് സുപ്രീംകോടതി വിധിവന്നത്. വിധിയുടെ കാര്യം നേതാക്കള്‍ പരസ്പരം പങ്കുവച്ചെങ്കിലും വിശദമായ ചര്‍ച്ചയിലേക്ക് കടന്നില്ല. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാകും വിശദമായ ചര്‍ച്ച. അപ്പോഴേക്കും കോടതി വിധിയുടെ വിശദാംശങ്ങളും ലഭ്യമാകും.iഎന്നാല്‍ സുപ്രീംകോടതിയിലേക്ക് പോയി ഇപ്പോഴത്തെ തിരിച്ചടി ചോദിച്ചുവാങ്ങിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായം പാര്‍ട്ടിയില്‍ ചിലര്‍ക്കുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിരുന്നെന്നും മറ്റും ന്യായീകരിക്കാമെങ്കിലും ധാര്‍മികത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് മറുപടിയില്ലെന്നതാണ് യാഥാര്‍ഥ്യം. നിയമം നടപ്പിലാക്കേണ്ട സര്‍ക്കാരിന് മുന്നിലാണ് സുപ്രീംകോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. നിയമസഭയിലെ അക്രമദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് ജനം കാണുന്നതും സുപ്രീംകോടതിയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങളും സൃഷ്ടിക്കുന്ന നാണക്കേടും ചില്ലറയല്ല.വിചാരണ നേരിടുന്നതിന് സ്റ്റേറ്റ് കാറില്‍ വിദ്യാഭ്യാസ മന്ത്രി കോടതിയില്‍ പോകേണ്ട നാണംകെട്ട സാഹചര്യത്തെയും നേരിടേണ്ടിവരും. ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കുന്ന നിയമസഭയില്‍ അക്രമം നടത്തിയയാള്‍ മന്ത്രിയായി തുടരുന്നതിനെ ജനങ്ങള്‍ക്ക് മുന്നില്‍ ന്യായീകരക്കാനും ബുദ്ധിമുട്ടാണ്. പ്രതിപക്ഷം സമരമുറകള്‍ കടുപ്പിക്കുകയാണെങ്കില്‍ ശിവന്‍കുട്ടിയെ സംരക്ഷിച്ച് നിര്‍ത്താന്‍ സര്‍ക്കാരും സിപിഎമ്മും ബുദ്ധിമുട്ടും.